റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലായിരുന്നു സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ കൈയില്‍ വെച്ചിരുന്നപ്പോഴായിരുന്നു പൊട്ടിത്തെറിച്ചതെന്ന് സൗദി ഗസറ്റ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. റഫ്ഹ ഗവര്‍ണറേറ്റിലെ അഞ്ചംഗ കുടംബം വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി ഫോണ്‍ ചാര്‍ജറുമായി കണക്ട് ചെയ്‍ത ശേഷം ഉപയോഗിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി, ഫോണ്‍ കൈയില്‍വെച്ചു കൊണ്ടു തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. പുലര്‍ച്ചെ മകളുടെ അലര്‍ച്ചയും നിലവിളിയും കേട്ടാണ് വീട്ടിലുള്ള മറ്റുള്ളവര്‍ ഉറക്കമെഴുന്നേറ്റതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഓടിയെത്തിയപ്പോള്‍, കുട്ടിയുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതും കൈയില്‍ പൊള്ളലേറ്റതുമാണ് കണ്ടത്. ഉടന്‍ തന്നെ റഫ്ഹ സെന്‍ട്രല്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ചാര്‍ജറുമായി കണക്ട് ചെയ്ത് വെച്ചിരുന്ന ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പെണ്‍കുട്ടി ഉറങ്ങിപ്പോവുകയും പിന്നീട് ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടാവുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. പൊട്ടിത്തെറിച്ച ഫോണ്‍ ഏത് കമ്പനിയുടേതാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും റിപ്പോര്‍ട്ടുകളില്‍ ഇല്ല.