ശൈശവ വിവാഹത്തിന് ഇന്നും ശക്തമായ വേരുകളുള്ള സംസ്ഥാനമാണ് അസം. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2,580 പേരാണ് ബാലവിവാഹ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് അറസ്റ്റിലായത്. 4,074 ശൈശവ വിവാഹ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ അസമില്‍ നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത കൂടി പുറത്ത് വരികയാണ്. പ്രസവാനന്തര രക്തസ്രാവത്തെ തുടര്‍ന്ന് 16 വയസുള്ള ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി മരിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ അച്ഛനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അസമിലെ ബോംഗൈഗാവ് ജില്ലയിലാണ് സംഭവം. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാതിനെ തുടര്‍ന്ന് വീട്ടുകാര്‍, വീട്ടില്‍ തന്നെ പ്രവസത്തിന് സൗകാര്യമൊരുക്കുകയായിരുന്നു. എന്നാല്‍, അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില വഷളായി. ഇതിന് പിന്നാലെ ഇവരെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍, അവിടെ നിന്നും കുറച്ച് കൂടി സൗകര്യമുള്ള ബോംഗൈഗാവിലെ ആശുപത്രിയിലേക്ക് പോകാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് കുട്ടിയുമായി ബന്ധുക്കള്‍ ബോംഗൈഗാവിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.