കൊച്ചി: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്കുനേരെ അതിക്രമം നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ ജില്ലക്കാരാണ് ഇവർ. എല്ലാവരും 50 വയസ്സ് പിന്നിട്ടവരാണ്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീസൺ ടിക്കറ്റുകാരായ ഇവർ ഒളിവിലാണ്. ഒരാളുടെ സീസൺ ടിക്കറ്റിന്റെ ചിത്രം റെയിൽവേ പൊലീസിന് ലഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
ശനി രാത്രി 7.50ന് എറണാകുളം– ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് ദക്ഷിണ റെയിൽവേ വിശദീകരണം തേടി. ഇതര സംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നു.
ഇക്കാര്യം അദ്ദേഹം രേഖപ്പെടുത്തുകയും പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഘത്തിലെ ഒരാളുടെ സീസൺ ടിക്കറ്റ് പാസിന്റെ ചിത്രമെടുത്ത് സൂക്ഷിക്കുകയും ചെയ്‌തു. ഇത് അപ്പോൾത്തന്നെ റെയിൽവേ പൊലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ട്രെയിൻ ആലുവ പിന്നിട്ടശേഷമാണ് തന്നോട് പരാതി പറഞ്ഞതെന്നാണ് ഗാർഡിന്റെ വിശദീകരണം. എന്നാൽ, ട്രെയിൻ ഇടപ്പള്ളിയിലെത്തിയപ്പോൾ ഗാർഡിനെ അറിയിച്ചിരുന്നതായാണ് അച്ഛൻ ആരോപിക്കുന്നത്. ഗാർഡിന്റെ മൊഴിയെടുക്കും.
ഗാർഡ് എടുത്ത ചിത്രവും പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമികളിൽ ഒരാളുടെ ദൃശ്യം പെൺകുട്ടി മൊബൈലിൽ പകർത്തിയിരുന്നു. ഇതും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഘം പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തത്. രാത്രിയായതിനാൽ യാത്രക്കാർ കുറവായിരുന്നു. ഉപദ്രവത്തിനെതിരെ പ്രതികരിച്ച മലപ്പുറം സ്വദേശി ഫൈസലിന് മർദനമേറ്റു. പെൺകുട്ടിയുടെ അച്ഛൻ എതിർത്തപ്പോൾ സംഘം ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുടവരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് പ്രതികൾ ഇറങ്ങിയത്. പോക്‌സോ വകുപ്പനുസരിച്ചും പെൺകുട്ടിയോട് മോശമായി പെരുമാറിയതിനും ട്രെയിനിൽ അടിപിടിയുണ്ടാക്കിയതിനുമാണ് കേസെടുത്തത്.