തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്‌കൂളിൽ അധ്യാപികയെ ക്ലാസ്മുറിയിൽ വിദ്യാർത്ഥി വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. 16 വയസുള്ള വിദ്യാർത്ഥിയുടെ ആക്രമണത്തിൽ 50 -കാരിയായ അധ്യാപികയാണ് മരിച്ചത് എന്ന് ഫ്രഞ്ച് സർക്കാർ വക്താവ് ഒലിവിയർ വെരാൻ പറഞ്ഞു.
കുട്ടിക്ക് മാനസികാരോഗ്യ കുറവുണ്ട് എന്ന് പറയപ്പെടുന്നു. അധ്യാപികയെ കുത്തിയ ശേഷം തനിക്ക് ബാധ കയറി എന്നാണ് കുട്ടി അവകാശപ്പെട്ടത്. സെന്റ്-ജീൻ-ഡി-ലൂസ് പട്ടണത്തിലെ സ്കൂളിലാണ് ഈ അതിദാരുണമായ സംഭവം നടന്നത്. അധ്യാപികയെ കുത്തിയ ശേഷം കുട്ടി അടുത്ത മുറിയിലേക്ക് ഓടുകയായിരുന്നു. അവിടെ വച്ച് മറ്റൊരു ടീച്ചറോട്, ‘ഒരു ശബ്ദം തന്നോട് അധ്യാപികയെ കുത്താൻ ആവശ്യപ്പെട്ടു. അതുകൊണ്ട് താനവരെ കുത്തിക്കൊലപ്പെടുത്തി’ എന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഈ ടീച്ചർ കുട്ടിയിൽ നിന്നും ആയുധം വാങ്ങി. പൊലീസിനെ വിവരം അറിയിച്ച് പൊലീസ് എത്തുന്നത് വരെ അധ്യാപിക കുട്ടിക്കൊപ്പം ഇരുന്നു. ആയുധം പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ്-അറ്റ്ലാന്റിക് മേഖലയിലെ സെന്റ്-തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ആഗ്നസ് ലസാലെ എന്ന അധ്യാപികയാണ് വിദ്യാർത്ഥിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. നെഞ്ചിലായിരുന്നു അധ്യാപികയ്ക്ക് കുത്തേറ്റത്. പതിറ്റാണ്ടുകളായി അവർ ഇതേ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.
‘സെന്റ്-ജീൻ-ഡി-ലൂസിലെ അധ്യാപികയുടെ മരണം തീവ്രമായ വേദനയുണ്ടാക്കുന്ന ഒന്നാണ്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു. ‘അവരുടെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും, ഒപ്പം ഭാവി തലമുറകൾക്ക് അറിവ് പകരാൻ ജീവിതം സമർപ്പിക്കുന്ന ഓരോ അധ്യാപകരുടെയും വേദനയിൽ ഞാൻ പങ്കുചേരുന്നു. രാഷ്ട്രം നിങ്ങളോടൊപ്പമുണ്ട്’ എന്നും പ്രസിഡണ്ട് തന്റെ ട്വീറ്റിൽ വ്യക്തമാക്കി.