കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ ആണ് മരിച്ചത്. മാതാവ് നസീമയുടെ പൂനത്തുള്ള വീട്ടിൽ എത്തിയപ്പോൾ ബന്ധുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
ബന്ധുക്കള്‍ക്കൊപ്പം കുളത്തിലെത്തിയ പെണ്‍കുട്ടി പടിയില്‍ നിന്ന് കുളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. പെട്ടന്ന് കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി മുങ്ങിപ്പോയി. അൽപ്പ സമയം കഴിഞ്ഞും ഫിദ പൊങ്ങി വരാഞ്ഞതോടെ കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളത്തിലിറങ്ങി വിദ്യാർത്ഥിനിയെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ കാളികാവില്‍ എട്ടുവയസുകാരനും കുളത്തില്‍ മുങ്ങി മരിച്ചിരുന്നു. പൂങ്ങോട് കുറ്റീരി വീരാൻകുട്ടിയുടെ മകൻ മുഹ്സിൻ ആണ് കുളത്തിൽ വീണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ചേരിപ്പലം നമസ്കാര പള്ളിയുടെ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് വിവരം. പൂങ്ങോട് ജി.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷാജിമോൾ. സഹോദരങ്ങൾ: മിർഷാന, ഫർഹാന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.