ചെന്നൈ : ബന്ധുവിന്റെ ലൈംഗികാതിക്രമത്തിനെതിരേ 17-കാരി പുറത്തുവിട്ട വീഡിയോ വൈറലായതോടെ പോലീസിന്റെ നടപടി. കേസിൽ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പരാതി നൽകിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലാണ് ചെങ്കൽപേട്ട്, കൽപാക്കം സ്വദേശിനിയായ 17-കാരിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.
ബന്ധു ലൈംഗികമായി ഉപദ്രവിച്ചെന്നും സംഭവത്തിൽ പരാതിപ്പെട്ടതിന് ഗ്രാമവാസികൾ തന്റെ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചിരിക്കുകയാണെന്നും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധു അടക്കമുള്ളവർ ഇപ്പോഴും ഉപദ്രവം തുടരുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതിനാൽ കുറ്റവാളികൾക്കെതിരേ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പെൺകുട്ടി വീഡിയോയിലൂടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് അഭ്യർഥിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ഗ്രാമത്തിൽ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 17-കാരി താമസിക്കുന്നത്. ബന്ധുവായ യുവാവ് പെൺകുട്ടിയുടെ കുടുംബവുമായി വാക്കുതർക്കത്തിലേർപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെയാണ് 17-കാരിക്ക് നേരേ ലൈംഗികാതിക്രമവും ഉണ്ടായത്. ഈ സംഭവത്തിൽ ചതുരംഗപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പെൺകുട്ടിയുടെ ആരോപണം. മാത്രമല്ല, പരാതി നൽകിയതറിഞ്ഞ് ഗ്രാമവാസികൾ കുട്ടിയുടെ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷവും ബന്ധുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് ഉപദ്രവം തുടർന്നതായും തങ്ങളുടെ കുടുംബത്തെ ഒറ്റപ്പെടുത്താൻ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിക്കുന്നു.
പെൺകുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചെങ്കൽപേട്ട് ഡി.എസ്.പി.യാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരേയും പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും ഡി.എസ്.പി. പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥക്കെതിരേ വിശദമായ അന്വേഷണം നടത്തുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.