ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആര്‍ബിഐ നടപടയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി ജപ്പാനിലേക്ക് പോകുമ്പോഴെല്ലാം ഒരു നോട്ട് നിരോധന അറിയിപ്പ് ഉണ്ടാകുമെന്ന് ഖാര്‍ഗെ പറഞ്ഞു. 500, 1000 രൂപാ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് ഉപയോഗത്തില്‍ നിന്ന് നിര്‍ത്തലാക്കിയ 2016ലെ നോട്ട് നിരോധനത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ തവണ അദ്ദേഹം ജപ്പാനില്‍ പോയപ്പോള്‍ 1000 രൂപ നോട്ട് നിരോധിച്ചു. ഇത്തവണ പോയപ്പോള്‍ 2000 രൂപ നോട്ട് നിരോധനമാണ് നടത്തിയത്’ പ്രധാനമന്ത്രിയെ പരിഹസിച്ച് ഖാര്‍ഗെ പറഞ്ഞു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഹിരോഷിമയില്‍ എത്തിയിരുന്നു. പാപ്പുവ ന്യൂ ഗിനിയയിലേക്കും ഓസ്ട്രേലിയയിലേക്കും കൂടി നീളുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യ ഘട്ടമാണിത്.