ന്യൂഡൽഹി∙ യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെ എല്ലാ ജി20 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇനി യുപിഐ ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിൽ പണം നൽകാം. സേവനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടത്തിൽ ബെംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് സേവനം ലഭ്യമാവുക. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് യോഗവേദിയിൽ പണമിടപാട് നടത്താനും സേവനം ഉപയോഗിക്കാം. ഇന്റർനാഷനൽ കാർഡുകൾ സ്വീകരിക്കാത്ത ചെറിയ കടകളിൽ പോലും വിദേശസഞ്ചാരികൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താമെന്നതാണ് മെച്ചം.
എങ്ങനെ?
പൈൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഫെയ്‌വ്’ (Fave), ട്രാൻസ്കോർപ് ഇന്റർനാഷനൽ ലിമിറ്റഡിന്റെ ‘ട്രാൻസ്കോർപ്’ എന്നീ ആപ്പുകൾ വഴിയാണിവ ലഭ്യമാവുക. ഉദാഹരണത്തിന് ഫെയ്‌വ് ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർ വിമാനത്താവളത്തിലെ ‘തോമസ് കുക്ക്’ കൗണ്ടറിൽ പോയി പാസ്‍പോർട്ട് അടക്കമുള്ള വിവരങ്ങൾ നൽകുക. തുടർന്ന് ഒരു പ്രീപെയ്ഡ് വോലറ്റ് സജ്ജമാകും. ഇതിൽ പണം ലോഡ് ചെയ്യാം. യുപിഐ ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയും പേയ്മെന്റ് നടത്താം.