യുനൈറ്റഡ് നാഷൻസ്: 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും എന്നാൽ പിന്നീടത് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷൻസ്. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആകുമെന്നാണ് യുനൈറ്റഡ് നാഷൻസ് കരുതുന്നത്. പിന്നീടത് 12 ശതമാനം കുറയും. എന്നാലും ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുകയും ചെയ്യും. ജനസംഖ്യ നിരക്കിൽ 2023ലാണ് ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തിയത്.
വ്യാഴാഴ്ചയാണ് യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്പെക്റ്റ്സ് പുറത്തുവിട്ടത്. വരുന്ന 50-60 വർഷങ്ങളിൽ ലോകജനസംഖ്യ വർധിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2080 പകുതി ആകുന്നതോടെ ലോകജനസംഖ്യ 1030 കോടിയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ 820 കോടിയാണ് ലോകജനസംഖ്യ. 2080 ൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ശേഷം പിന്നീട് ജനസംഖ്യ ഗണ്യമായി കുറയും. നൂറ്റാണ്ട് അവസാനിക്കുന്നതോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2100 വരെ ഇന്ത്യ ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് തുടരും.
2024ൽ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയായി ഉയരും. 2054 ആകുന്നത് ജനസംഖ്യ കുത്തനെ വർധിച്ച് 169 കോടിയാകും. 2100 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാലും ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2024ൽ ചൈനയിലെ ജനസംഖ്യ 141 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. അത് 2054 ആകുന്നതോടെ 121 കോടിയായി കുറയും. 2100 ആകുന്നതോടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞ് 63.3 കോടിയിലെത്തും. നിലവിൽ ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാംസ്ഥാനത്താണ് ചൈന.