ഡെറാഡൂൺ: റോഡിന് നടുവിൽ മേശയിട്ട് വാഹനഗതാഗതം തടസ്സപ്പെടുത്തി മദ്യം കഴിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ബോബി കതാരിയയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്.
പ്രതികൾക്കെതിരെ ഡെറാഡൂൺ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി എസ്.എസ്.പി ഡെറാഡൂൺ ദിലീപ് സിങ് കുൻവാർ പറഞ്ഞു. ഹരിയാനയിൽ ഗുരുഗ്രാമിലുള്ള കതാരിയയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല. പിന്നാലെയാണ് ഒളിവിൽ കഴിയുന്ന കതാരിയെ കണ്ടെത്തുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
മുസ്സൂറി കിമാഡി മാർഗിൽ നടുറോഡിൽ കസേരയും മേശയും ഇട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ശേഷം മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കതാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. മദ്യ ലഹരിയിലാണ് ഇയാൾ ബൈക്കോടിച്ചതെന്ന് പൊലീസ് കണ്ടെത്തി.
സ്‌പൈസ്‌ജെറ്റ് വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് ഇന്റർനെറ്റിൽ പ്രചരിച്ചതിനെ തുടർന്ന് കതാരിയ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് 2022 ഫെബ്രുവരിയിൽ 15 ദിവസത്തേക്ക് കതാരിയയെ വിമാന യാത്ര വിലക്കി എയർലൈൻ ഉത്തരവിറക്കി. എന്നാൽ ഒരു ഷൂട്ടിങിനിടെ ഡമ്മി വിമാനത്തിലിരുന്നാണ് താൻ പുകവലിച്ചതെന്ന് കതാരിയ പിന്നീട് അവകാശപ്പെട്ടു.