ടെൽ അവീവ് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്. യുദ്ധ മേഖലയിൽ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിർത്തി കടന്നു. 27 മേഘാലയ സ്വദേശികൾ ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ സ്ഥിരീകരിച്ചു. ജെറുസലേമിലേക്ക് പോയവർ ബത്‍ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിർത്തി കടന്നത്.
ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിനുള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 1600 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.