തിരുവനന്തപുരം : സംസ്ഥാനത്ത് വർധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ 279 ഗുണ്ടകൾ. കഴിഞ്ഞ പത്ത് ദിവസംകൊണ്ടാണ് ഇത്രയുംപേരെ പോലീസ് വലയിലാക്കിയത്. ക്രിസ്മസ് ദിവസം മാത്രം 30 പിടികിട്ടാപ്പുള്ളികളെയാണ് തിരുവനന്തപുരം റേഞ്ചിൽ പിടികൂടിയത്. ഇതിൽ വാറന്റുള്ള ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. 61 ലഹരി വിൽപനക്കാരെയാണ് പരിശോധിച്ചത്. പോത്തൻകോട് സുധീഷ് വധക്കേസിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഓപ്പറേഷൻ ട്രോജൻ എന്ന പേരിൽ നടപടി ആരംഭിച്ചത്.
പത്ത് ദിവസം കൊണ്ട് 279 പിടികിട്ടാപ്പുള്ളികളും വാറന്റുള്ള 468 ഗുണ്ടകളും അറസ്റ്റിലായി. ലഹരി ഇടപാട് സംബന്ധിച്ച കേസുകൾ കൂടിയിട്ടുണ്ടെന്ന് ഓപ്പറേഷൻ ട്രോജന്റെ കണക്കുകളിൽ വ്യക്തം. ഇത്തരത്തിൽ 802 ലഹരി ഇടപാടുകാരെയാണ് പരിശോധിച്ചത്. ഈ വർഷം ഇതുവരെ മാത്രം 90 കൊലപാതക, അസ്വഭാവിക മരണങ്ങളിൽ തിരുവനന്തപുരം റേഞ്ചിൽ 162 പേർ അറസ്റ്റിലായിട്ടുണ്ട്. 761 വധശ്രമ കേസുകളിലായി 921 അറസ്റ്റ് നടന്നു. ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ തിരുവനന്തപുരം റൂറൽ പരിധിയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 42 കേസുകളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് റൂറലിൽ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി കൊല്ലം റൂറലാണ്. വധശ്രമ കേസുകളിലും തിരുവനന്തപുരമാണ് മുന്നിൽ.