ന്യൂഡൽഹി ∙ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമം (പോഷ്) കൊണ്ടുവന്ന് 10 വർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നു സുപ്രീം കോടതിയുടെ കടുത്ത വിമർശനം.
നിയമം ഫലപ്രദമായി നടപ്പാക്കാൻ പ്രത്യേക നിർദേശങ്ങൾ കോടതി നൽകി. ഇക്കാര്യത്തിൽ സർക്കാർ മന്ത്രാലയങ്ങളിൽ തുടങ്ങി സ്വകാര്യ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വരെ പരിശോധനയ്ക്കും നിർദേശിച്ചു. ഇവിടങ്ങളിലെ ആഭ്യന്തര പരാതി സമിതികൾ നിയമപ്രകാരം തന്നെയെന്ന് ഉറപ്പാക്കണം. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയുള്ള സമിതികൾ കൊണ്ടു ഫലമില്ലെന്നും ജസ്റ്റിസ് ഹിമ കോലി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
അഖിലേന്ത്യ ഗുസ്തി ഫെഡറേഷനിൽ ലൈംഗികാതിക്രമം ആരോപിച്ച് ഇന്ത്യയുടെ രാജ്യാന്തര ഗുസ്തിതാരങ്ങൾ ഡൽഹി ജന്തർ മന്തറിൽ സമരം നടത്തുന്നതിനിടെയാണു സുപ്രധാന വിധി. രാജ്യത്തെ 30 കായിക ഫെഡറേഷനുകളിൽ 16 ഇടത്തും പോഷ് നിയമപ്രകാരമുള്ള ആഭ്യന്തര പരാതി സമിതികൾ ഇല്ലെന്ന മാധ്യമ വാർത്തയും കോടതി ഇടക്കാല ഉത്തരവിൽ പരാമർശിച്ചു.
2013 ൽ കൊണ്ടുവന്ന നിയമത്തിന്റെ 10–ാം വർഷം ആഘോഷിക്കുമ്പോൾ ഇത് എത്രമാത്രം ഫലപ്രദമായെന്ന പുനരാലോചന ആവശ്യമാണന്നു വ്യക്തമാക്കിക്കൊണ്ടാണു ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ കൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഗോവ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് മേധാവിയെ ലൈംഗികാതിക്രമത്തെ തുടർന്നു സർവീസിൽ നിന്നു പിരിച്ചുവിട്ട നടപടിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണിത്.
മറ്റു നിർദേശങ്ങൾ:
∙ പരാതി നൽകുന്നതു മുതൽ അന്വേഷണം പൂർത്തിയാക്കുന്നതു വരെ കാര്യങ്ങളെക്കുറിച്ചും സമിതിയുടെ പ്രവർത്തന രീതിയെക്കുറിച്ചും അധികൃതരെയും ജീവനക്കാരെയും ബോധവൽക്കരിക്കണം. ഇതിനായി ശിൽപശാലകളും സെമിനാറുകളും നടത്തണം.
∙ ദേശീയ, സംസ്ഥാന നിയമസഹായ അതോറിറ്റികൾ പഠന മൊഡ്യൂളുകൾ തയാറാക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും വേണം.
∙ സ്ഥാപനങ്ങൾ വാർഷിക കലണ്ടറിൽ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഉൾപ്പെടുത്തണം.
∙ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിനു ദേശീയ/സംസ്ഥാന ജുഡീഷ്യൽ അക്കാദമികൾ പൊതു നടപടിക്രമം തയാറാക്കണം.
∙ 8 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരുകൾ കോടതിക്കു നടപടി റിപ്പോർട്ട് നൽകണം.
∙ ‘പോഷ് നിയമം നടപ്പാക്കാൻ സർക്കാരുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ബാധ്യതയുണ്ട്. നിയമം ശക്തവും കാര്യക്ഷമവുമായി നടപ്പാക്കുമ്പോൾ മാത്രമേ ഈ സാമൂഹിക രോഗത്തിനു പരിഹാരമുണ്ടാകൂ. ഇതിലേക്ക് എത്താൻ നിയമത്തെക്കുറിച്ച് അതിജീവിതയെ ബോധ്യപ്പെടുത്തണം.’ – ജസ്റ്റിസ് ഹിമ കോലി (ഉത്തരവിൽ പറഞ്ഞത്)