ന്യൂയോർക്ക് : യുഎസിൽ കെട്ടിടത്തിന്റെ 29ാം നിലയിലെ ബാൽക്കണിയിൽനിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്കു വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവ സമയത്ത് അച്ഛനും അമ്മയും കുഞ്ഞിന്റെ സമീപം ഇല്ലായിരുന്നെന്നാണ് വിവരം. കുഞ്ഞ് താഴേക്കു വീണതറിഞ്ഞ് അച്ഛൻ താഴെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുട്ടി ജനലിൽകൂടി താഴേക്കു വീണതായാണ് വിവരം. അഞ്ചാം നിലയിലേക്ക് വലിയ ശബ്ദത്തോടെയാണ് കുട്ടി വീണതെന്നും ഈ ശബ്ദം കേട്ടാണ് എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
പത്തോ അതിൽ താഴെയോ പ്രായമുള്ള കുട്ടി താമസിക്കുന്നുണ്ടെങ്കിൽ, മൂന്നോ അതിലധികമോ അപാർട്മെന്റുകളുള്ള കെട്ടിടങ്ങളുടെ ഉടമകൾ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്ന് ന്യൂയോർക്ക് സിറ്റി നിയമങ്ങളിൽ പറയുന്നുണ്ട്. ഈ അപാർട്മെന്റിൽ അത്തരത്തിൽ വിൻഡോ ഗാർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെകുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.