തിരുവനന്തപുരം : കൃഷി വകുപ്പിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 30 കോടി രൂപ അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) അധ്യക്ഷനായുള്ള സ്പെഷൽ വർക്കിങ് ഗ്രൂപ്പ് അംഗീകാരം നൽകി. പദ്ധതിക്ക് ഭരണാനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇപ്രകാരം അനുവദിക്കുന്ന തുക ഉപയോഗിച്ച് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നൽകുവാനുള്ള നഷ്ടപരിഹാരം കർഷകർക്കു വിതരണം ചെയ്യാനാകുമെന്നാണു കൃഷി വകുപ്പ് കരുതുന്നത്.
വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക്, കുടിശിക ഇനത്തിൽ 15 കോടിയിലേറെ രൂപയാണ് കൃഷി വകുപ്പ് കൊടുക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനവകുപ്പ് തുക അനുവദിക്കാത്തതാണ് വിള ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം മുടങ്ങിയത്. 15 കോടി രൂപയ്ക്കു മുകളിലുള്ള വാർഷിക പദ്ധതികൾക്ക് സ്പെഷൽ വർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം ആവശ്യമാണ്. കഴിഞ്ഞ വർഷം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും നെൽകൃഷി നശിച്ചവർക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കൃഷി വകുപ്പ് നഷ്ടപരിഹാരം പൂർണമായി നൽകാൻ കഴിയാത്തത് പരാതിക്കിടയാക്കി.