കാവാലം: ബെറ്റാതലാസീമിയ രോഗം ബാധിച്ച മൂന്നു വയസുകാരന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണം സമാഹരിക്കാൻ നാടൊരുമിക്കുന്നു. കാവാലം പഞ്ചായത്ത് 13-ാം വാർഡ് ചോതിരത്തിൽ വീട്ടിൽ ബീനീഷ്-സൂര്യ ദമ്പതികളുടെ മകൻ ഹരിനാരായണനുവേണ്ടിയാണ് ചികിത്സാ സഹായധനം തേടുന്നത്. ഇതിനായി കാവാലം ഗ്രാമപഞ്ചായത്തിന്റെയും പ്രത്യാശ ചങ്ങനാശേരിയുടെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച കാവാലം-കുന്നുമ്മ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ കാരുണ്യത്തിന്റെ സ്നേഹ സ്പർശം എന്ന പേരിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ധനസമാഹരണ യജ്ഞം നടത്തും. ശസ്ത്രക്രിയക്ക് ആവശ്യമായ 30 ലക്ഷം രൂപ സമാഹരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.
പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റിയൻ പുന്നശേരി, കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി ജെ ജോഷി, ജനറൽ കൺവീനർ എം എ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും. കുട്ടിക്കായി അച്ഛൻ ബിനീഷാണ് മജ്ജ നൽകുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും നിർവാഹമില്ലാതെ വന്നതോടെ കുടുംബം സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. ധനസമാഹരണത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും കാവാലം പഞ്ചായത്തിലെ 13 വാർഡുകളിലും കൺവൻഷൻ നടത്തുകയും നോട്ടീസുകൾ ഇതിനോടകം എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്തിട്ടുണ്ട്. ജീവൻ രക്ഷാസമിതിയുടെ പേരിൽ കേരളാ ബാങ്ക് കാവാലം ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 125312801200094. ഐഎഫ്എസ്‌സി: കെഎസ്ബികെ 0001253.