ആലപ്പുഴ: 17 ദിവസംകൊണ്ട് ജില്ലയിൽ തെരുവുനായുടെ കടിയേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത് 362 പേർ. ആലപ്പുഴ നഗരത്തിൽ മാത്രം 19 പേർക്ക് കടിയേറ്റു. മാവേലിക്കരയിൽ 123 പേർക്കും. ഭരണിക്കാവ് പിഎച്ച്സിയിൽ മൂന്നുപേരെ പ്രവേശിപ്പിച്ചു. മേഖലയിൽ നായുടെ ആക്രമണത്തിന് ഇരയാകുന്ന പലരും ചികിത്സ തേടിയെത്തുന്നത് കായംകുളം, നൂറനാട്, ചുനക്കര ആശുപത്രികളിലേക്കാണ്.
ഹരിപ്പാട്ട് ഈ മാസം 109 പേർക്കാണ് നായുടെ കടിയേറ്റത്. ഇതിൽ തെരുവുനായുടെ കടിയേറ്റത് 32 പേർക്കും. ചെങ്ങന്നൂർ, എടത്വ മേഖലകളിൽ ഈ മാസം നായുടെ കടിയേറ്റത് മൂന്നുപേർക്ക് വീതമാണ്. കുട്ടനാട്ടിൽ 25 പേർക്കും ചാരുംമൂട്ടിൽ ഒരാൾക്കും കടിയേറ്റു. കായംകുളത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഈയിടെ തെരുവുനായ് കടിച്ചിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന ചെട്ടികുളങ്ങര സ്വദേശി രഘുവിനാണ് കടിയേറ്റത്.
വളർത്തുനായ്‌കൾക്കുള്ള പ്രതിരോധ വാക്സിൻ ജില്ലയിൽ സ്റ്റോക്കുള്ളത് 35,000 ഡോസാണ്. ഏപ്രിലിൽ ആവശ്യപ്പെട്ടതനുസരിച്ച് 60,000 സ്റ്റോക്കാണ് എത്തിയത്. അത് അന്നുതന്നെ വിവിധ മൃഗാശുപത്രികളിലേക്ക് നൽകിയിരുന്നു. സംസ്ഥാനത്തേക്ക് 28ന് നാലുലക്ഷം വാക്സിൻ എത്തുമെന്നാണ് കരുതുന്നത്. ഇതിൽനിന്ന് ഒരുലക്ഷം ജില്ലയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ വാക്സിൻ കുറവായതിനാൽ കഴിഞ്ഞ ദിവസം 1000 ഡോസ് ആലപ്പുഴ ജില്ലയിൽനിന്നാണ് നൽകിയത്.