കരുനാഗപ്പള്ളി : ക്ലാപ്പന കണ്ണങ്കര (ക്യുഎസ്എസ് മരിയൻ) സൂനാമി കോളനിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 390 ലീറ്റർ വൈൻ പിടികൂടി. കോളനിയിലെ ആൾപാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൈൻ. ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ചു വിൽക്കാൻ സൂക്ഷിച്ചതാകാമെന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസ് അറിയിച്ചു. വൈൻ ലൈസൻസില്ലാതെ വൈൻ നിർമിക്കുന്നതും വിൽപന നടത്തുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ, പ്രതി ആരെന്നറിയാതെ കേസെടുത്തു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും എക്സൈസ് പറഞ്ഞു.
റേഞ്ച് പ്രിവന്റീവ് ഓഫിസർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫിസർ കെ. വി.എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.കിഷോർ, സുധീർബാബു, പ്രേംരാജ്, ഹരികൃഷ്ണൻ, ചാൾസ്, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു. മദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സംഭരണം, ഉപയോഗം, വിതരണം എന്നിവയെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കാമെന്ന് (0476- 2630831, 9400069456) എക്സൈസ് അറിയിച്ചു.