ജോയി ഇ-ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ വാർഡ് വിസാർഡ് ഇനോവേഷൻസ് ആൻഡ് മൊബിലിറ്റി തങ്ങളുടെ വാഹനശ്രേണിയിലേക്ക് മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടി എത്തിച്ചിരിക്കുകയാണ്. അതിവേഗ ഇലക്ട്രിക് സ്കൂട്ടർ എന്ന നിർമാതാക്കൾ അവകാശപ്പെടുന്ന വൂൾഫ് പ്ലസ് , ജെൻ നെക്സ് നാനു പ്ലസ്, ഫ്ളീറ്റ് മാനേജ്മെന്റ് ഇലക്ട്രിക് സ്കൂട്ടർ ഡെൽ ഗോ എന്നിവയാണ് വാർഡ് വിസാർഡിന്റെ പുതിയ കൂട്ടിച്ചേർക്കലുകൾ.
ഇന്ത്യയിൽ തന്നെ നിർമാണം പൂർത്തിയാക്കിയ ഈ ഇലക്ട്രിക് സ്കൂട്ടറുകളിലെ വോൾഫ് പ്ലസിന് 1.10 ലക്ഷം രൂപയും, ജെൻ നെക്സ് നാനു പ്ലസിന് 1.06 ലക്ഷം രൂപയും ഡെൽ ഗോ മോഡലിന് 1.14 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. പ്രാദേശികവത്കരണത്തിനും ഇന്ത്യയുടെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും പ്രാധാന്യം നൽകിയാണ് കമ്പനിയുടെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗം ഈ വാഹനം ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓഫ് റോഡ് യാത്രകൾക്കും ഇണങ്ങുന്ന രീതിയിൽ 160 എം.എം. എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായാണ് ഈ സ്കൂട്ടറുകൾ എത്തുന്നത്. കീലെസ് സ്റ്റാർട്ട്-സ്റ്റോപ്പ്, സ്മാർട്ട് കണക്ടിവിറ്റി, ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും സ്കൂട്ടർ ട്രാക്ക് ചെയ്യുന്നതിനുമുള്ള റിമോട്ട് ആപ്ലിക്കേഷൻ, ഇക്കോ, സ്പോർട്സ്, ഹൈപ്പർ എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകൾക്കും റിവേഴ്സ് മോഡ് തുടങ്ങിയ സവിശേഷതകളാണ് നിർമാതാക്കൾ ഈ സ്കൂട്ടറിൽ ഒരുക്കിയിട്ടുള്ളത്. പരമാവധി 20 എൻ.എം. ടോർക്ക് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഹൃദയം. 60V35Ah ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്ന് നിർമാതാക്കൾ ഉറപ്പുനൽകുന്ന ഈ സ്കൂട്ടറുകൾക്ക് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത എടുക്കാനാകും. ഈ മൂന്ന് സ്കൂട്ടറുകൾക്കും മൂന്ന് വർഷത്തെ വാറണ്ടിയാണ് നിർമാതാക്കൾ നൽകുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരുകൾ വിവിധ ആനുകൂല്യങ്ങൾ ഒരുക്കുമ്പോൾ ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായും ഉയർന്ന നിലവാരമുള്ളതുമായി വാഹനങ്ങൾ എത്തിച്ച് ഈ ഉദ്യമത്തിന് പിന്തുണ ഒരുക്കുകയാണ് വാർഡ് വിസാർഡ് എന്ന് കമ്പനിയുടെ മേധാവി യതിൻ ഗുപ്ത അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ വാഹനങ്ങൾ എത്തിക്കാൻ കമ്പനിയുടെ ആർ ആൻഡ് ഡി വിഭാഗം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.