മുംബൈ: ഡോക്ടറില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. മഹാരാഷ്ട്ര സര്‍ക്കാറിലെ ഇന്‍ഡസ്‍ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ഡയറക്ടറേറ്റ് (DISH) ഉദ്യോഗസ്ഥനെയാണ് സംസ്ഥാനത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കെതിരെ ഒരു ഡോക്ടര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ വിവിധ ഫാക്ടറികളും മറ്റ് യൂണിറ്റുകളും സന്ദര്‍ശിച്ച് ജീവനക്കാരെ പരിശോധിക്കാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഉള്ള അനുമതി, പരാതിക്കാരനായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ അനുമതി പ്രകാരം ഫാക്ടറികളില്‍ പോയി അവിടുത്തെ ജീവനക്കാരെ പരിശോധിച്ചതിന് ഓരോ വ്യക്തിക്കും 50 രൂപ വീതം കൈക്കൂലി നല്‍കണമെന്നതായിരുന്നു ഇന്‍ഡസ്‍ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ ആവശ്യം. അനുമതി ലഭിച്ച കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ ഇത്തരത്തില്‍ 630 പേരെയാണ് ഈ ഡോക്ടര്‍ പരിശോധിച്ചത്. ഇവര്‍ ഓരോരുത്തര്‍ക്കും 50 രൂപ വീതം കണക്കാക്കി പണം വേണം. ഇങ്ങനെ ആകെ 31,500 രൂപ തനിക്ക് കിട്ടണമെന്ന് ഇയാള്‍ ശഠിച്ചു.
പണം തന്നില്ലെങ്കില്‍ ഫാക്ടറികളും യൂണിറ്റുകളിലും പോയി മെഡിക്കല്‍ പരിശോധന നടത്താനുള്ള അനുമതി തുടര്‍ന്ന് ഉണ്ടാവില്ലെന്നും ഇയാള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടര്‍ ഇയാള്‍ക്കെതിരെ പല്‍ഗാര്‍ ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുകയായിരുന്നു. അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍ഡസ്‍ട്രിയല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.