ദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരുമാസം മുമ്പ് പുറപ്പെടുവിച്ച നിയമപരിഷ്‌കാരത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് ഇത്. യു.എ.ഇ.യില്‍ അംഗീകൃതമല്ലാത്ത ക്രിപ്‌റ്റോ കറന്‍സി പദ്ധതികളുടെ പരസ്യങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യുന്നതിനും നിയമം വിപുലീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമോ അല്ലാത്ത വിവരങ്ങള്‍ പരസ്യം ചെയ്യുന്നത് ഫെഡറല്‍ നിയമം ആര്‍ട്ടിക്കിള്‍ 48 പ്രകാരം 20,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.
യു.എ.ഇ. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇതേ നിയമം ബാധകമാണ്. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള അനുവാദമില്ലാതെ ഇലക്ട്രോണിക് കറന്‍സിയുടെയോ വ്യാജ കമ്പനിയുടെയോ ഇടപാടുകള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാല്‍ അഞ്ചുവര്‍ഷം തടവും രണ്ടരലക്ഷം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. വ്യാജ ഇ-മെയിലോ വെബ്‌സൈറ്റോ നിര്‍മിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് തടവോ 50,000 മുതല്‍ 2,00,000 ദിര്‍ഹം വരെ പിഴയോ ശിക്ഷ ചുമത്തും. വ്യാജ അക്കൗണ്ട് നിര്‍മിച്ച് വ്യക്തിഹത്യ നടത്തുന്നത് രണ്ടുവര്‍ഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. വ്യാജ വാര്‍ത്തകള്‍ ഇലക്ട്രോണിക് ഷെയറിങ് സംവിധാനങ്ങളിലൂടെ കൂടുതല്‍പ്പേരിലേക്ക് എത്തിക്കുന്നത് രണ്ടുവര്‍ഷം വരെ തടവോ ഒരുലക്ഷം ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് യു.എ.ഇ. നിയമം വ്യക്തമാക്കുന്നു.