തിരുവനന്തപുരം: സംസ്ഥാനത്താകെ ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ (3), യുഎഇ (2), അയര്‍ലാന്‍ഡ് (2), സ്‌പെയിന്‍ (1), കാനഡ (1), ഖത്തര്‍ (1), നെതര്‍ലാന്‍ഡ് (1) എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ (1), ഖാന (1), ഖത്തര്‍ (1) എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നുമെത്തിയ 23, 44, 23 വയസുകാര്‍, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാര്‍, അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്‌പെയിനില്‍ നിന്നുമെത്തിയ 23 വയസുകാരന്‍, കാനഡയില്‍ നിന്നുമെത്തിയ 30 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 37 വയസുകാരന്‍, നെതര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 26 വയസുകാരന്‍, എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.യുകെയില്‍ നിന്നുമെത്തിയ 26 വയസുകാരി, ഖാനയില്‍ നിന്നുമെത്തിയ 55 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 53 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്. യുഎഇയില്‍ നിന്നും തൃശൂരിലെത്തിയ 28 വയസുകാരന്‍, ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരന്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.