ഗ്വാളിയര്‍ : ഒരു വര്‍ഷക്കാലത്തെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍വെച്ച് കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ സൂചന നല്‍കിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി.
കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഭേദഗതിയായിരുന്നു കാര്‍ഷിക നിയമത്തിലൂടെ നടപ്പിലാക്കിയതെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അത് പിന്‍വലിക്കേണ്ടി വന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും തോമര്‍ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് നിയമം പിന്‍വലിച്ചതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രതിപക്ഷവും കര്‍ഷക സംഘടനകളും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്. ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്‌കാരമായിരുന്നു അവ. എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, എന്നായിരുന്നു തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ഒരുവര്‍ഷത്തിലധികം നീണ്ട പ്രതിഷേധത്തിന്റെ ഫലമായാണ് മൂന്ന് വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.