ന്യൂഡല്‍ഹി : 5ജി പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ല്‍ 5ജി സേവനം രാജ്യത്ത് ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ്. ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, പുണെ, ഗാന്ധിനഗര്‍ എന്നിവയാണ് നഗരങ്ങള്‍. 5ജി സ്‌പെക്ട്രം ലേലം 2022 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടന്നേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ലേലം സംബന്ധിച്ച് വിവിധ കൂടിയാലോചനകള്‍ നടത്തുകയാണ്. ട്രായ് ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനു ശേഷം ലേല നടപടികളിലേക്കു കടക്കും. ജനുവരി-മാര്‍ച്ച് കാലയളവില്‍ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ട്രായിയുടെ നടപടിക്രമങ്ങള്‍ നീണ്ടു.ടെലികോം കമ്പനികള്‍ക്ക് 5ജി ട്രയല്‍ നടത്താനുള്ള സമയം 6 മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. 5ജി സാങ്കേതികവിദ്യ പൂര്‍ണതോതില്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്നാണ് മേയ് വരെ നീട്ടിയത്.