ചെറിയ കുഞ്ഞുങ്ങളെ കണ്ടാല്‍ ആര്‍ക്കാണ് ഒന്ന് കൊഞ്ചിക്കാന്‍ തോന്നാത്തത്. കുഞ്ഞുങ്ങളെ കയ്യിലെടുക്കാനും ഓമനിക്കാനും ഉമ്മ വയ്‌ക്കാനുമൊക്കെ സ്വാഭാവികമായും എല്ലാവര്‍ക്കും തോന്നും. എന്നാല്‍ ഇങ്ങനെ ഉമ്മ വയ്‌ക്കുമ്പോള്‍ ഒഴിവാക്കേണ്ട ഒരു ഭാഗമുണ്ട്. കുഞ്ഞുങ്ങളുടെ ചെവി. ചെറിയ കുഞ്ഞുങ്ങളുടെ ചെവിയില്‍ ഉമ്മവയ്‌ക്കുന്നത് കോക്ലിയര്‍ കിസ് ഇഞ്ചുറിയിലേക്കും കേള്‍വി നഷ്ടത്തിലേക്കും നയിക്കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
കുഞ്ഞുങ്ങളുടെ ചെവിയില്‍ നല്‍കുന്ന ഉമ്മയുടെ മര്‍ദം ഉള്ളിലെ ടിംപാനിക് പാളിയെ പുറത്തേക്ക് തള്ളി ചെവിയുടെ മധ്യഭാഗത്തുള്ള സ്റ്റേപ്പസ് മാലിയസിനും ഇന്‍കസിനും സ്ഥാനഭ്രംശം ഉണ്ടാക്കാം. ഇത് ചെവിക്കുള്ളിലെ ദ്രാവകം ചോര്‍ന്ന് കോക്ലിയര്‍ ഹെയര്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഇത് സെന്‍സോറിന്യൂറല്‍ ഹിയറിങ് ലോസ് എന്ന കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്നു.
ചെവിക്കുള്ളില്‍ മുഴക്കം, ചെവി അടഞ്ഞ തോന്നല്‍, ശബ്ദത്തോടുള്ള സഹിഷ്‌ണുതയില്ലായ്‌മ, ഓക്കാനം എന്നിവയാണ് ഇതിന്റെ മറ്റു ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ചെവിയിലെ അമര്‍ത്തിയുള്ള ഉമ്മ കേള്‍വി നഷ്ടത്തിന് കാരണമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെവിയിലെ കനാലുകള്‍ ചെറുതായതിനാല്‍ കുഞ്ഞുങ്ങളും ചെറിയ കുട്ടികളുമാണ് ഇത്തരത്തിലെ കേള്‍വി നഷ്ടത്തിന് കൂടുതലും ഇരകളാകുക എന്നു മാത്രം. കുഞ്ഞുങ്ങള്‍ക്ക് രോഗത്തെ കുറിച്ച് പറയാന്‍ സാധിക്കാത്തതിനാല്‍ ഇവരില്‍ രോഗനിര്‍ണയവും വൈകാം.
ഓഡിയോമെട്രി, ഇംപെഡന്‍സ് ഓഡിയോമെട്രി, സ്‌റ്റാപെഡിയല്‍ റിഫ്‌ളക്‌സ്, ബ്രെയ്‌ന്‍സ്റ്റം ഇവോക്‌ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി എന്നിങ്ങനെ പല പരിശോധനകളിലൂടെയാണ് ഡോക്ടര്‍മാര്‍ കോക്ലിയര്‍ കിസ് ഇഞ്ചുറി നിര്‍ണയിക്കുന്നത്. കൃത്യ സമയത്ത് കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ടിംപാനിക് സ്റ്റിറോയ്‌ഡ് ഇഞ്ചക്‌ഷനുകളെല്ലാം നല്‍കി കേള്‍വി നഷ്ടം പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ രോഗം നിര്‍ണയിക്കാതെയും ചികിത്സിക്കാതെയും ഇരിക്കുന്നത് സ്ഥിരമായ കേള്‍വി നഷ്ടത്തിലേക്ക് നയിക്കാം. ഇത് കുഞ്ഞുങ്ങളുടെ സംസാരശേഷിയെയും ഭാഷാശേഷികളെയും രാത്രിയിലെ ഉറക്കത്തെയും ജീവിതനിലവാരത്തെയുമെല്ലാം ബാധിക്കാമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.