കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പുരോഗതി. മരിക്കുന്നതിന് മുമ്പ് വിശ്വനാഥനുമായി സംസാരിച്ച ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകളല്ലെന്നും വിവരമറിയാൻ സംസാരിച്ചവരാണെന്നുമാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയിൽ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണിവരെന്നും പോലീസ് അറിയിച്ചു.
മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആൾക്കൂട്ടം ചാപ്പകുത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച ദിവസം ധരിച്ചിരുന്ന പഴയ കള്ളി ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. പോക്കറ്റിൽ ആകെയുള്ളത് കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ്. വിശ്വനാഥൻ മരിച്ച് ഒരാഴ്ച് ആകുമ്പോഴാണ് തെളിവ് ശേഖരണത്തിന് പൊലീസ് ഇറങ്ങിയതെന്നതും ശ്രദ്ധേയം. മരിക്കും മുമ്പ് വിശ്വനാഥൻ സംഭവസ്ഥലത്ത് ഷർട്ട് അഴിച്ചു വെച്ചുവെന്നാണ് പൊലിസിന്റെ നിഗമനം. ഷർട്ടിന്‍റെ ശാസ്ത്രീയപരിശോധനയും നടത്തും. വിശ്വനാഥനെ ആശുപത്രി പരിസരത്ത് ആൾക്കൂട്ടം ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. എന്നാൽ ഇവർ ആരൊക്കെയെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.