കൊച്ചി : ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. അൺലോക്ക് പാറ്റേൺ കോടതിയിൽ പരിശോധിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷയും. ആവശ്യം പരിഗണിച്ച ആലുവ മജിസ്ട്രേറ്റ്, ഫോണുകൾ തുറക്കുന്നതിന് അതിന്‍റെ പാറ്റേൺ ഹാജരാക്കാൻ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകർ ആറു ഫോണുകളുടെയും പാറ്റേൺ ഉച്ചയ്ക്കുശേഷം കൈമാറി.
മുദ്രവെച്ച കവറിലുളള ഫോണുകൾ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു, ഈ ആവശ്യം തള്ളി. കോടതിയിൽവെച്ച് ഫോൺ തുറക്കരുതെന്നും പ്രോസിക്യൂഷൻ കൃത്രിമം കാണിക്കുമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകർ തടസവാദം ഉന്നയിച്ചത്. തങ്ങൾക്ക് പാറ്റേൺ വേണ്ടെന്നും മജിസ്ട്രേറ്റ് പരിശോധിച്ചാൽ മതിയെന്നും പിന്നാലെ പ്രോസിക്യൂഷൻ നിലപാടെടുത്തി. തുറന്നകോടതിയിൽ ഫോണുകൾ പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് മജിസ്ട്രേറ്റ് പ്രതിഭാഗത്തോട് ചോദിച്ചു. ഫോൺ തുറക്കുന്നതിന് പ്രതികൾ കൈമാറിയ പാറ്റേൺ ശരിയാണോയെന്ന് ഉറപ്പുവരുത്താതെ ലാബിലേക്കയച്ചാൽ പരിശോധനാഫലം വൈകാൻ സാധ്യതയുണ്ടെന്ന് സർക്കാർ നിലപാടെടുത്തു. പാറ്റേൺ തെറ്റാണെങ്കിൽ കേസ് നടപടികൾ വീണ്ടും വൈകും.
ഇത് മുന്നിൽക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തർക്കം തുടർന്നതോടെ ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഈ ആവശ്യം തള്ളിയ കോടതി ഫോണുകൾ നേരേ തിരുവനന്തപുരത്തേക്ക് അയക്കാൻ ഉത്തരവിടുകയായിരുന്നു.