ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 6 മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. മൂന്ന് ഡസനോളം മ്യൂട്ടേഷനുകളുള്ളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വേഗത്തില്‍ പടരുന്നതുമായ ഒമിക്രോണ്‍ വേരിയന്റാണ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണം. ജനുവരി 9 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയില്‍ 6,38,872 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയില്‍ രേഖപ്പെടുത്തിയ 1,02,330 കേസുകളില്‍ നിന്ന് ആറിരട്ടിയിലധികം വര്‍ധനവാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡാഷ്ബോര്‍ഡില്‍ ലിസ്റ്റുചെയ്തിരിക്കുന്നതുമായ കണക്കുകള്‍ പ്രകാരം, ഡിസംബര്‍ 27 ന് 6,531 ആയിരുന്ന പ്രതിദിന കണക്ക് ജനുവരി 2 ന് 27,553 ആയി ഉയര്‍ന്നു.
അതിനുശേഷം ആരംഭിച്ച ആഴ്ചയിലെ ആദ്യ ദിവസം (ജനുവരി 3), കേസുകള്‍ 33,750 ആയി ഉയര്‍ന്നു. ജനുവരി 9 ന് എണ്ണം 1.50 ലക്ഷം കവിഞ്ഞു (കൃത്യമായി പറഞ്ഞാല്‍ 1,59,632). അനുബന്ധ മരണങ്ങളും വര്‍ധിച്ചു. ജനുവരി 2 ന് അവസാനിച്ച ആഴ്ചയില്‍, കൊവിഡ് മൂലം ഇന്ത്യയില്‍ 495 പുതിയ മരണങ്ങള് രേഖപ്പെടുത്തി. ഇത് ജനുവരി 3-9 കാലയളവില്‍ 761 ആയി ഉയര്‍ന്നു. ഈ രണ്ടാഴ്ചയിലെ മൊത്തം മരണങ്ങള് 2,020 (ഡിസംബര്‍ 27-ജനുവരി 2), 1,868 (ജനുവരി 3-9 വരെ) ആണ്. കൊവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ ലോകാരോഗ്യ സംഘടനയുടെ ഡാഷ്ബോര്‍ഡില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.