പട്ന: പട്ടാപ്പകൽ 60 അടി നീളമുള്ള പാലം മോഷ്ടിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് അസാധാരണ മോഷണം അരങ്ങേറിയത്. അമിയാവറിലെ അറ കനാലിന് കുറുകെ നിർമ്മിച്ച പാലമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്.സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘം ഗ്യാസ് കട്ടറുകളും ജെ.സി.ബിയും അടക്കമുള്ള മെഷീനുകൾ ഉപയോഗിച്ച് പാലം പൊളിച്ചുനീക്കിയ ശേഷം അവശിഷ്ടങ്ങളുമായി കടന്നുകളയുകയായിരുന്നു.
പാലം പൊളിക്കുന്നതിനായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലർ എത്തിയതായി നാട്ടുകാർ ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായ അർഷദ് കമൽ ഷംഷിയെ അറിയച്ചതോടെയാണ് മോഷണം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ സമർപ്പിച്ചു.1972ൽ നിർമിച്ച പാലം ഏറെക്കാലമായി ഉപേക്ഷിച്ചതും തകർന്ന നിലയിലുമായിരുന്നു. 60 അടി നീളവും 12 അടി ഉയരവുമുള്ള പാലമാണ് പട്ടാപ്പകൽ മോഷ്ടാക്കൾ പൊളിച്ചുനീക്കിയത്.