ഹരിപ്പാട്: എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎമ്മിൽ പണം എടുക്കാൻ വന്ന പെൺകുട്ടിയെ സമീപത്തെ വർക്ക് ഷോപ്പിലെ ജോലിക്കാരനാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിമിനെ (60) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ കരീലക്കുളങ്ങരയിൽ കാപ്പാ നിയമപ്രകാരം ഒരുവീട്ടിലെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ നാടു കടത്തി. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചിങ്ങോലി അമ്പാടിയിൽ വീട്ടിൽ ഇരട്ട സഹോദരങ്ങളായ അച്ചുരാജ് (21), അമ്പാടി (21), ചിങ്ങോലി അയ്യങ്കാട്ടിൽ വീട്ടിൽ അഭിജിത്ത് (20) എന്നിവരെയാണ് നാടുകടത്തിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ആറ് മാസ കാലയളവിലേക്ക് പ്രവേശിക്കുന്നത് ഇവരെ തടഞ്ഞുകൊണ്ടാണ് ഉത്തരവായിരിക്കുന്നത്. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ, പോലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടനവധി ക്രിമിനൽ കേസ്സുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
വയനാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെയും കാപ്പ നിയമ പ്രകാരം നാടുകടത്തിയിരുന്നു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി നിയാസിനെതിരെയാണ് (26) കാപ്പ ചുമത്തിയത്. ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി പദം സിങ് ഐ പി എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളില്‍ പ്രതിയാണ് നിയാസ്. കവര്‍ച്ച, ദേഹോപദ്രവം, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.