ദില്ലി: ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ ഭാരത് ജോഡോ യാത്രക്കിടെ സന്ദർശിച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തിയത്. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവർക്ക് നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
സെപ്തംബർ 8 ന് ഈ ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുകയായിരുന്നു, ഗ്രാമദേവതയുടെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഇതിനിടയിൽ ദളിത് കുടുംബത്തിലെ ശോഭയുടെയും രമേശിന്റെയും 15 വയസ്സുള്ള മകൻ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച ദണ്ഡില്‍ സ്പർശിച്ചത്.
ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് കണ്ട് ഗ്രാമത്തിന്‍റെ ആചാരം ലംഘിച്ചതായി ആരോപിച്ചു. അടുത്ത ദിവസം ഗ്രാമത്തിലെ മുതിർന്നവരുടെ മുമ്പാകെ ഹാജരാകാൻ അവർ കുട്ടിയുടെ കുടുംബത്തെ വിളിച്ചുവരുത്തി. ദലിതർ ദണ്ഡില്‍ തൊട്ടെന്നും ഇപ്പോൾ അത് അശുദ്ധമാണെന്നും അവർ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും അവർ ആരോപിച്ചു. വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് ഒക്‌ടോബർ ഒന്നിന് 60,000 രൂപ നൽകണമെന്ന് ഗ്രാമമൂപ്പൻ നാരായണസ്വാമി പിഴ വിധിച്ചു. ഒക്ടോബർ ഒന്നിനകം പിഴയടച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ പുറത്താക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതിനിടെ, ശോഭ മസ്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനെതിരെ ഉന്നതജാതിക്കാരുടെ ഭീഷണിയുണ്ടെന്നും അവർ ആരോപിച്ചു. അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ദലിത് കുടുംബം വീട്ടിൽ നിന്ന് ദൈവങ്ങളുടെ ഫോട്ടോകൾ നീക്കി, പകരം അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ സ്ഥാപിച്ചുവെന്നാണ് വിവരം.