തിരുവനന്തപുരം: ഇതര സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സുകൾ നിർത്തലാക്കി ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ പ്രവേശനം നടത്തിയ ഏഴ് കോഴ്സുകളിലേക്ക് ആകെ ചേർന്നത് 6046 വിദ്യാർഥികൾ.
ഏഴ് കോഴ്സുകളിൽ പ്രവേശനത്തിനാണ് ഓപൺ സർവകലാശാലക്ക് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോ അനുമതി നൽകിയത്. ഈ കോഴ്സുകളിൽ പ്രവേശനം നടത്താൻ മറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.
ബി.എ ഇംഗ്ലീഷിന് 1983ഉം ബി.എ മലയാളത്തിന് 1208ഉം ബി.എ ഹിന്ദിക്ക് 130ഉം ബി.എ സംസ്കൃതത്തിന് 57ഉം ബി.എ അറബിക്കിന് 878ഉം വിദ്യാർഥികൾ പ്രവേശനം നേടിയതായി നിയമസഭയിൽ പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. എം.എ ഇംഗ്ലീഷിന് 845 ഉം എം.എ മലയാളത്തിന് 945ഉം പേർ പ്രവേശനം നേടി. കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടുന്ന ഭാഷ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കാണ് ഓപൺ സർവകലാശാലയിൽ മാത്രമായി പ്രവേശനാനുമതി നൽകിയത്.
നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾക്കാണ് സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതിയുള്ളത്. ഓപൺ സർവകലാശാലക്ക് അനുമതി ലഭിച്ച ഏഴ് കോഴ്സുകളിലും ഇത്തവണ കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് പ്രവേശനാനുമതി നൽകിയിരുന്നില്ല.
കാലിക്കറ്റിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനം നേടിയതിനെക്കാൾ കുറവ് വിദ്യാർഥികളാണ് ഓപൺ സർവകലാശാലയിൽ പ്രവേശനം നേടിയത്. കേരള, കാലിക്കറ്റ് സർവകലാശാലകളെക്കാൾ ഉയർന്ന ഫീസ് നിരക്കാണ് ഓപൺ സർവകലാശാലയിൽ വിവിധ കോഴ്സുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്.