തിരുവനന്തപുരം> സംസ്ഥാനത്തെ എട്ട് ആശുപത്രിയുടെ വികസനത്തിന് 605.49 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് 50.06 കോടി, കൊല്ലം പത്തനാപുരം താലൂക്ക് ആശുപത്രിക്ക് 91.88 കോടി, തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് 76.51 കോടി, മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 36.19 കോടി, കണ്ണൂർ ജില്ലാ ആശുപത്രിക്ക് 10.70 കോടി, എറണാകുളം കോതമംഗലം താലൂക്കാശുപത്രിക്ക് 11.21 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് 43.75 കോടി, തൃശൂർ മെഡിക്കൽ കോളേജ് മദർ ആൻഡ് ചൈൽഡ് ബ്ലോക്കിന് 279.19 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഏഴുനില കെട്ടിടമാണ് നിർമിക്കുന്നത്. പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആറുനില കെട്ടിടവും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഏഴുനില കെട്ടിടവും നിർമിക്കും. മലപ്പുറം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എട്ടുനിലയുള്ള ആശുപത്രി ബ്ലോക്കും സർവീസ് ബ്ലോക്കുമാണ് നിർമിക്കുന്നത്. കോതമംഗലം താലൂക്കാശുപത്രിയിൽ നിലവിലുള്ള രണ്ട് കെട്ടിടങ്ങളുടെ മുകളിലായി ഓരോ നില നിർമിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇമേജോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് തുകയനുവദിച്ചത്.