പട്ന∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 70 ലക്ഷം രൂപയും 1.5 കിലോ സ്വർണാഭരണങ്ങളും ഉൾപ്പെടെയെന്ന് റിപ്പോർട്ട്. ഇതിനു പുറമെ 540 ഗ്രാം സ്വർണ ബിസ്കറ്റും 900 യുഎസ് ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വിക്ക് സിബിഐ നോട്ടിസ് നൽകിയിരുന്നു.
പട്ന, റാഞ്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായി ലാലു കുടുംബവുമായി ബന്ധപ്പെട്ട 24 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയും ഉൾപ്പെടുന്നു. തേജസ്വിയുടെ സഹോദരിമാരായ രാഗിണി, ചന്ദ, ഹേമ യാദവ് എന്നിവരുടെ വീടുകളിലും വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇവർക്കു പുറമെ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായ ആർജെഡി എംഎൽഎ അബു ദൊജാനയുടെ വസതിയിലും യുപിയിലെ ഗാസിയാബാദിൽ ലാലു പ്രസാദ് യാദവിന്റെ മരുമകനും സമാജ്‌വാദി പാർട്ടി (എസ്പി) നേതാവുമായ ജിതേന്ദ്ര യാദവിന്റെ വസതിയിലും റെയ്ഡ് നടന്നു.
കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സിബിഐ കണ്ടെത്തിയിരുന്നു. ഇതേ കേസിൽ സിബിഐ ലാലു യാദവിനെയും പത്നി റാബ്റി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസിൽ ഈ മാസം 15നു ലാലു കുടുംബാംഗങ്ങൾ ഹാജരാകാനായി ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി സമൻസ് അയച്ചിരുന്നു.