പട്‌ന : രാജ്യത്ത് കോടിക്കണക്കിനുപേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസുപോലും ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി ബിഹാറില്‍ 84-കാരന്‍. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്‌മദേവ് മണ്ഡലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് ഇത്രയും ഡോസ് വാക്‌സിനെടുത്തത്. കോവിഡിനെ പേടിച്ചാണ് തുടര്‍ച്ചയായി കുത്തിവെപ്പെടുത്തതെന്നും ‘വാക്‌സിന്‍ ഗംഭീരസംഭവമാണെ’ന്നുമാണ് മണ്ഡലിന്റെ വിശദീകരണം. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിനു മുമ്പായാണ് മണ്ഡല്‍ പിടിയിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
തപാല്‍വകുപ്പിലെ മുന്‍ ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13-നാണ് ആദ്യകുത്തിവെപ്പെടുത്തത്. മാര്‍ച്ച് 13-ന് രണ്ടാമത്തെ ഡോസെടുത്തു. മേയ് 19-ന് മൂന്നാമത്തെയും ജൂണ്‍ 16-ന് നാലാമത്തെയും ഡോസ് സ്വീകരിച്ചു. ഇങ്ങനെ മിക്ക മാസങ്ങളിലും വാക്‌സിനെടുത്തു. ഇതില്‍ എട്ടും ഒമ്പതും ഡോസുകള്‍ക്കിടയില്‍ രണ്ടുദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഡിസംബര്‍ 30-ന് 11-ാമത്തെ ഡോസുമെടുത്തു എന്നുമാണ് ഇയാള്‍ പറയുന്നത്. ഇതിനായി എട്ടുതവണ തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നന്പറും ഉപയോഗിച്ചു. ഭാര്യയുടെ ഫോണ്‍ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും മൂന്ന് അവസരങ്ങളിലും നല്‍കി.
ഓണ്‍ലൈനായി ബുക്കിങ് ആവശ്യമില്ലാത്ത വാക്‌സിന്‍ വിതരണ ക്യാമ്പുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ക്യാമ്പുകളില്‍ വാക്‌സിനെടുക്കുന്നവരുടെ ആധാര്‍ വിവരങ്ങളും ഫോണ്‍നമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. വിവരങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത് നിരസിക്കപ്പെടുകയും ഡോസ് സ്വീകരിച്ച വിവരം രേഖപ്പെടുത്താതെ പോകുകയുമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.