ദുബായ് : കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍. ദുബായ്, അബുദാബി പരിശോധനാകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയതോതില്‍ തിരക്കനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ നീക്കം. കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നാല്‍ ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാം. കൂടാതെ കോവിഡ് ഫലങ്ങള്‍ ലഭിക്കാനുള്ള കാലയളവും കുറയും. നേരത്തെ 12 മുതല്‍ 24 മണിക്കൂറിനകം ലഭിച്ചുകൊണ്ടിരുന്ന പരിശോധനാഫലം അടുത്തിടെ ലഭിക്കാന്‍ 48 മണിക്കൂര്‍ വരെ വേണ്ടിവരുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് പരാതിയും ഉയര്‍ന്നിരുന്നു. പലര്‍ക്കും വിദേശയാത്രവരെ മുടങ്ങിയ അവസ്ഥയുണ്ടായി. കൂടുതല്‍ വിദേശയാത്രകള്‍, കോവിഡ് കേസുകളിലെ വര്‍ധന, പലയിടത്തും കോവിഡ് ഫലം കാണിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം.
ശൈത്യകാല അവധിക്കുശേഷം പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ പ്രവേശിക്കാനും വിദ്യാര്‍ഥികള്‍ക്കും പരിശോധനാഫലം ആവശ്യമായിരുന്നു. കഴിഞ്ഞദിവസം 4,69,028 പേരിലാണ് പരിശോധന നടത്തിയത്.