93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞതിനെ തുടർന്ന് തന്റെ പത്തു വയസ് കുറഞ്ഞെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ രംഗത്ത്. സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ജോസഫ് ഡിറ്റൂരി ആണ് ഇത്തരത്തിൽ ഒരു വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
വെള്ളത്തിനടിയിൽ ഇദ്ദേഹം പ്രത്യേകം തയ്യാറാക്കിയ 100 ചതുരശ്ര അടിയുള്ള പോഡിനുള്ളിലാണ് കഴിഞ്ഞിരുന്നത്. അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എന്തൊക്കെ സമ്മർദ്ദങ്ങളാണ് മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ ജീവിച്ചത്. പഠനത്തിന്റെ ഭാഗമായാണ് വെള്ളത്തിനടിയിൽ ജീവിച്ചതെങ്കിലും ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വെള്ളത്തിൽ കഴിഞ്ഞതിനുള്ള ലോക റെക്കോർഡും ഇപ്പോൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഗവേഷണത്തിന്റെ അടുത്ത ഘട്ടമായി നൂറു ദിവസം തികച്ച് വെള്ളത്തിനടിയിൽ കഴിയാനാണ് ഇപ്പോൾ ഇദ്ദേഹം പദ്ധതിയിടുന്നത്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പഠനത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ നിന്നും പുറത്തു വന്നതിനു ശേഷം ഇദ്ദേഹത്തിന്റെ ശരീരത്തിൽ വിശദമായ പഠനം നടത്തി. ഡിഎൻഎ സീക്വൻസായ ടെലോമിയറുകൾ മനുഷ്യന് പ്രായമാകുമ്പോൾ കുറയുമെന്ന് അഭിപ്രായമുണ്ട്. എന്നാൽ, ജോസഫിന്റെ കാര്യത്തിൽ, അവ മുങ്ങുന്നതിന് മുമ്പ് രേഖപ്പെടുത്തിയിരിക്കുന്ന അളവുകളേക്കാൾ 20 ശതമാനം കൂടിയതായി കണ്ടെത്തി. ഗവേഷണം ആരംഭിച്ച സമയത്തേക്കാൾ 10 മടങ്ങ് കൂടുതൽ സ്റ്റെം സെല്ലുകൾ ഇപ്പോൾ ശാസ്ത്രജ്ഞന്റെ ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ബഹിരാകാശ യാത്രയ്ക്കിടെ ബഹിരാകാശയാത്രികർ ഉപയോഗിക്കുന്നതിന് സമാനമായ അറയിലാണ് ഇയാൾ താമസിച്ചത്. വെള്ളത്തിനടിയിലായിരുന്നപ്പോൾ ജോസഫ് അഞ്ച് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ വർക്ക്ഔട്ട് ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.