മുംബൈ: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ‘ ബുള്ളി ബായ്’ ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. 21 കാരനായ നീരജ് ബിഷ്ണോയിയാണ് പിടിയിലായത്. നേരത്തെ മൂന്നു പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ ‘ ബുള്ളി ബായ് ‘ എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുകയായിരുന്നു. പൗരത്വസമരത്തിലടക്കം സജീവമായ സ്ത്രീകളും കാണാതായ ജെ.എൻ.യു വിദ്യാർഥി മുഹമ്മദ് നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസുമടക്കം ഈ ആപ്പിലൂടെ വിദ്വേഷ പ്രചരണത്തിന് ഇരയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ള മായങ്ക് റാവൽ (21), ശ്വേത സിങ് (18), ബംഗളൂരുവിലെ എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാർ ഝാ (21) എന്നിവരെ മുംബൈ സൈബർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.