തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ 400 മീറ്റർ ബർത്ത് അടിയന്തരമായി പൂർത്തിയാക്കാൻ കമ്പനിക്ക് നിർദേശം നൽകിയതായി മന്ത്രി അഹമദ് ദേവർകോവിൽ. ബാർജുകളും ക്രെയിനുകളും അടിയന്തരമായി എത്തിക്കും. ഈ രീതിയിൽ മുന്നോട്ടുപോയാൽ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ തിരിച്ചു പിടിക്കാനാകുമെന്നും നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യവസായിക, ടൂറിസം രംഗങ്ങളിൽ അമ്പരപ്പിക്കുന്ന പുരോഗതിയാണ് തുറമുഖം സൃഷ്ടിക്കുക. നിർമാണഘട്ടത്തിലെ തൊഴിലിൽ ഭൂരിഭാഗവും പ്രദേശവാസികൾക്കാണ് നൽകുന്നത്. കമീഷൻ ചെയ്ത ശേഷമുള്ള തൊഴിലുകളിലും ഇവർക്ക് പ്രാതിനിധ്യം നൽകും. ഇത്തരം തൊഴിലുകളിൽ പ്രദേശത്തുള്ളവർക്ക് സാങ്കേതിക പ്രാവീണ്യം നൽകുന്നതിനായി 50 കോടി രൂപ ചെലവിൽ അസാപ് തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് തൊഴിൽ നൽകിത്തുടങ്ങും. ഇതിനുപുറമെ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കാനുള്ള നടപടികളും കമ്പനി തുടങ്ങിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 1000 പേർക്കും പിന്നീട് 10,000 പേർക്കും തൊഴിൽ നൽകുന്ന നിലയിലേക്ക് കാര്യങ്ങളെത്തും. ഇതിനുപുറമെ വെയർഹൗസ്, പാർപ്പിടങ്ങൾ, ഹോട്ടലുകൾ എന്നീ മേഖലകളിലടക്കം വലിയ മുന്നേറ്റമുണ്ടാകും. തുറമുഖം കമീഷൻ ചെയ്യുന്നതോടെ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടൽ വഴിയുള്ള രാജ്യത്തേക്കുള്ള ചരക്കുനീക്കത്തിന്റെ 75 ശതമാനവും കൊളംബോ, സിംഗപ്പൂർ, സലാല തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിച്ചാണ്. മദർ പോർട്ടുകളിൽനിന്ന് ചെറിയ കപ്പലുകൾ വഴി ചരക്കുകൾ ഇങ്ങോട്ടെത്തിക്കുമ്പോൾ കണ്ടെയ്നറിന് 10,000 രൂപയാണ് അധികച്ചെലവ്. വലിയ കപ്പലുകൾ തന്നെ വിഴിഞ്ഞത്തെത്തുന്നതോടെ ഈ അധികച്ചെലവ് ഒഴിവാകും. വിഴിഞ്ഞത്തിന്റെ വരവോടെ കൊല്ലം, ബേപ്പൂർ തുറമുഖങ്ങളും വികസിക്കും. വിഴിഞ്ഞത്തേക്കുള്ള റെയിൽ കണക്ടിവിറ്റിക്കായി നടപടികൾ പുരോഗമിക്കുകയാണ്. ഔട്ടർ റിങ് റോഡിന് ചുറ്റുമായി വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.