തിരുവനന്തപുരം: മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഇന്നടക്കം മൂന്ന് ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തമിഴ്നാട്ടിൽ കര കയറിയ മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. നിലവിൽ ഈ ചക്രവാതചുഴി വടക്കൻ തമിഴ്നാടിനും – തെക്കൻ കർണാടകതിനും – വടക്കൻ കേരളത്തിനും മുകളിലായാണ് സ്ഥിതിചെയുന്നത്. ചക്രവാതചുഴി വടക്കൻ കേരള – കർണാടക തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 11 മുതൽ 13 വരെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്.