ദില്ലി: ഏകീകൃത സിവില്‍കോഡ് പാർലെമന്‍റില്‍ സ്വകാര്യബില്‍ ആയി എത്തിയത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിൻറെ അടിസ്ഥാനത്തിലെന്ന് സൂചന. സ്വകാര്യ ബില്ലിനു പകരം പിന്നീട് സർക്കാർ ബില്ല് കൊണ്ടു വരാനാണ് ആലോചന. അടുത്ത വർഷത്തെ ബജറ്റ് സമ്മളനത്തിലോ വർഷകാല സമ്മേളനത്തിലോ ബില്ല് നടപ്പാക്കാൻ ബിജെപി ശ്രമിച്ചേക്കും. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് പഠിക്കാനായി സംസ്ഥാന സർക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പിലും ഏകീകൃത സിവില്‍ കോഡായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്. ഗുജറാത്തിലെ വൻ വിജയത്തിന് പിന്നാലെ സ്വകാര്യബില്ലിന് അവതരണ അനുമതി നല്തിയത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ല ബിജെപി നീക്കത്തിന്‍റെ തുടക്കമെന്നാണ് സൂചന.
മുന്‍പ് പല തവണ സ്വകാര്യബില്ലായി സഭയിലെത്തിയിട്ടുണ്ടെങ്കിലും ഏകീകൃത സിവില്‍ കോഡിന് ഇത് ആദ്യമായാണ് അവതരണാനുമതി കിട്ടിയത്. രാജ്യസഭയില്‍ വോട്ടെടുപ്പ് നടത്തിയാണെങ്കിലും ബില്ല് അവതരിപ്പിക്കാനുള്ള നിർദ്ദേശം ബിജെപിയുടെ മുതിർന്ന നേതാക്കളുടേതായിരുന്നു എന്നാണ് സൂചന. പ്രതിപക്ഷത്തെ വിള്ളലും ആശയക്കുഴപ്പവും തുറന്നുകാട്ടാനും സർക്കാരിനായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബില്ല് പാർലമെൻറിൽ ചർച്ചയാക്കും. ഏക സിവിൽ കോഡിനെതിരായിരുന്നു നേരത്തെ നിയമകമ്മീഷൻ നല്കിയ റിപ്പോർട്ട്. സമായം ഉണ്ടാക്കിയേ നടപ്പാക്കാനാകൂ എന്നാണ് നിയമകമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ഒരു സഭയിലെങ്കിലും ബില്ല് പാസാക്കി വിഷയം തെരഞ്ഞെടുപ്പുകളിൽ സജീവമാക്കാനുള്ള നീക്കം വരുന്ന പാർലമെൻറ് സമ്മേളനങ്ങളിൽ ഉണ്ടാകും എന്നാണ് സൂചന.