പല നിറത്തിലും രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും ഒക്കെയുള്ള ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി. ഈ ജീവജാലങ്ങളിൽ അപകടകാരികളായവയും അല്ലാത്തവയും ഉൾപ്പെടുന്നു. ഇവയിൽ ചെറുപ്രാണികളായ ജീവികളെ അത്ര വലിയ അപകടകാരികളായവയുടെ കൂട്ടത്തിൽ ഒന്നും നമ്മൾ ഉൾപ്പെടുത്താറില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ നല്ല ഒന്നാന്തരം പണി തരുന്ന ഇനങ്ങൾ അവയ്ക്കിടയിലും ഉണ്ടെന്നതാണ് സത്യം. അക്കൂട്ടത്തിൽ ഏറ്റവും ഭീകരൻ ഒരു ഉറുമ്പാണ്. ബുള്ളറ്റ് ആന്റ് എന്നറിയപ്പെടുന്ന ഈ ഉറുമ്പുകൾ കടിക്കുമ്പോൾ ഉണ്ടാകുന്ന വേദനയാണ് ഭൂമിയിലെ മറ്റേതൊരു പ്രാണി കടിക്കുമ്പോൾ ഉണ്ടാകുന്ന വേദനയെക്കാളും വലുത് എന്നാണ് ശാസ്ത്രലോകം പറയുന്നത്.
മധ്യ-ദക്ഷിണ അമേരിക്കയിലെ താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ ഉറുമ്പുകൾ കടിച്ചാൽ ആ വേദന മനുഷ്യ ശരീരത്തിൽ നിന്നും കുറഞ്ഞു കുറഞ്ഞു ഇല്ലാതാകാൻ 24 മണിക്കൂർ എങ്കിലും സമയം എടുക്കും എന്നാണ് പറയുന്നത്. ഇവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വെടിയുണ്ട മനുഷ്യശരീരത്തിലൂടെ തുളച്ചു കയറി പോകുമ്പോൾ ഉണ്ടാകുന്ന അതേ വേദന തന്നെയാണ് ഈ ഉറുമ്പുകൾക്ക് കടിക്കുമ്പോഴും ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉറുമ്പുകളിൽ പെട്ട ഒന്നു കൂടിയാണ് ബുള്ളറ്റ് ഉറുമ്പുകൾ.
നൂറുകണക്കിന് അംഗങ്ങളുള്ള സങ്കീർണ്ണമായ കോളനികളിലാണ് ഇവർ താമസിക്കുന്നത്. രാജ്ഞി ഉറുമ്പും അവളുടെ ലാർവകളും താമസിക്കുന്ന കൂടിലേക്ക് ഭക്ഷണം ശേഖരിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന ധാരാളം തൊഴിലാളികളായ ഉറുമ്പുകളും ഇവർക്കുണ്ട്. ഇവയുടെ കൂടുകൾ പലപ്പോഴും മരങ്ങളുടെ ചുവട്ടിലായിരിക്കും. തൊഴിലാളി ഉറുമ്പുകൾ ചെറിയ ഇരകൾക്കായി തിരഞ്ഞുകൊണ്ട് മരങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്യും. ബുള്ളറ്റ് ഉറുമ്പുകൾക്ക് അവിശ്വസനീയമായ 1.2 ഇഞ്ച് നീളം വരെ വളരാൻ കഴിയും, മറ്റ് ഉറുമ്പുകളിൽ നിന്ന് വ്യത്യസ്തമായി, ബുള്ളറ്റ് ആന്റ് കോളനിയിലെ രാജ്ഞി സാധാരണയായി തൊഴിലാളികളുടെ അതേ വലുപ്പത്തിലാണ്.