കൊച്ചി ∙ മൂന്നു ദിവസമായി മുടങ്ങി കിടന്ന പാസ്പോർട് ഓൺലൈൻ പേമെന്റ് ഗേറ്റ് വേയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഓൺലൈൻ പണം ഇടപാട് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ഇതോടെ പാസ്പോർട് സേവാ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തന സജ്ജമായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൂർണമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗികമായും പേമെന്റ് ഗേറ്റ്‍വേ സംവിധാനം പ്രവർത്തന രഹിതമായിരുന്നു.
തുടർച്ചയായി മൂന്നു ദിവസം സേവനം മുടങ്ങിയത് ഓൺലൈനിൽ നൽകി വന്ന സമയക്രമത്തെയും ബാധിച്ചിട്ടുണ്ട്. ഇത് സാധാരണ നിലയിലാകാൻ ഏതാനും ദിവസങ്ങൾ കൂടി എടുക്കുമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. രാജ്യത്ത് പാസ്പോർട് പേമെന്റ് സേവനങ്ങൾക്കായി രണ്ട് സെർവറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ ഒരെണ്ണം ഏതാണ്ട് പൂർണമായും പണിമുടക്കിയിരുന്നു. ഇതേ തുടർന്ന് തെക്കേ ഇന്ത്യയിലെ പാസ്പോർട് ഓഫിസുകളുടെ പ്രവർത്തനങ്ങളെയാണ് കാര്യമായി ബാധിച്ചത്. വടക്കേ ഇന്ത്യയിൽ ഭാഗികമായി മാത്രമാണ് പണം അടയ്ക്കൽ മുടങ്ങിയത്.
പാസ്പോർട് സേവനം മുടങ്ങിയത് നിരവധിപ്പേരുടെ യാത്രാ പദ്ധതികളെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ സേവനങ്ങൾക്കായി പാസ്പോർട് സേവാ കേന്ദ്രങ്ങളിലും അക്ഷയ പോലെയുള്ള കേന്ദ്രങ്ങളിലും പോകേണ്ട സാഹചര്യവുമുണ്ടായി. ഗേറ്റ് വേ പ്രശ്നം പൂർണമായും പരിഹരിച്ചതായാണ് വിവരം. അതേ സമയം എന്താണ് പ്രശ്നമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിക്കാൻ തയാറായിട്ടില്ല.