തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം വെച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു. ക്രിസ്മസ് പുതുവത്സര പാർട്ടികളിൽ വിതരണം ചെയ്യാനായും സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായും വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ കോവളം പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ റെയ്ഡിലാണ് വീടിനുള്ളിൽ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ കോവളം വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27) യെ കോവളം പൊലീസ് പിടികൂടി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ നടന്ന് വരുന്ന സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ഡെപ്യൂട്ടി കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു റൈഡ്. ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പ്രതിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന്‍റെ പല ഭാഗങ്ങളിൽ നിന്നായി 190 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാമ്പ് , 3.18 ഗ്രാം ചരസ്സ്, എം ഡി എം എ, കഞ്ചാവ് തുടങ്ങിയവ മയക്കുമരുന്നുകള്‍ പിടികൂടിയത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും ക്രിസ്മസ് ന്യൂ ഇയർ ദിനങ്ങളിൽ കച്ചവടം നടത്താനാണ് വിവിധ വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നുകൾ ശേഖരിച്ച് വെച്ചതെന്നാണ് അനുമാനിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഫോർട്ട് അസി. കമ്മീഷണർ എസ് ഷാജിയുടെ നേതൃത്വത്തിൽ കോവളം എസ് എച്ച് ഒ ബിജോയ്, കരമന എസ് എച്ച് ഒ സുജിത്ത്, കോവളം എസ് ഐ അനീഷ്, എ എസ് ഐ മുനീർ, സി പി ഒമാരായ ഷൈൻ ജോസ്, സുജിത, സെൽവദാസ്, ഷിബു, ഡാനിയേൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.