കുടിയേറ്റക്കാരുമായി എത്തിയ ചെറുബോട്ട് ഇംഗ്ലീഷ് ചാനലില്‍ മറിഞ്ഞു, വന്‍ അപകടമെന്ന് റിപ്പോര്‍ട്ട്. കൊടുംതണുപ്പില്‍ തണുത്തുറഞ്ഞ ഇംഗ്ലീഷ് ചാനലിലേക്ക് 50ഓളം കുടിയേറ്റക്കാരുമായെത്തിയ ഡിങ്കി ബോട്ട് തകരുകയായിരുന്നു. 3 പേര്‍ ഇതിനോടകം മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ സമയത്ത് രാജ്യത്തേക്ക് ചെറുബോട്ടുകളിലെത്തുന്ന കുടിയേറ്റ ശ്രമം ചെറുക്കാനുള്ള നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദമാക്കിയതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലിലെ ഈ അപകടം.
കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. കെന്‍റിലെ ഡഞ്ചെനീസിന് അടുത്താണ് ചെറു ബോട്ട് തകര്‍ന്നത്. മൈനസ് നാല് ഡിഗ്രി അന്തരീക്ഷ താപനിലയുള്ള ഭാഗത്താണ് ബോട്ട് തകര്‍ന്നിരിക്കുന്നത്. ബോട്ടില്‍ അന്‍പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 43 പേരെയാണ് ഇതിനോടകം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. ഒരു പകല്‍ മുഴുവനും എടുത്തുള്ള തെരച്ചിലില്‍ രാത്രി വൈകിയും കൊടു തണുപ്പില്‍ തുടരുമെന്നാണ് സൂചന. എന്നാല്‍ ഇനിയുള്ള തെരച്ചിലില്‍ കണ്ടെത്തുന്നവരെ രക്ഷാ പ്രവര്‍ത്തനമെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ ഈ മേഖലയിലെ താപനില അനുവദിക്കില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബോട്ട് തകര്‍ന്നത്. രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ അപേക്ഷ 150000 അപേക്ഷകള്‍ പരിഗണിക്കാനുണ്ടെന്നും അതിനാല്‍ തന്നെ അനധികൃത കുടിയേറ്റ ശ്രമങ്ങള്‍ക്കെതിരെ ശക്തമാ. നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇംഗ്ലീഷ് ചാനലിലൂടെയുള്ള കുടിയേറ്റം അധികൃതരുടെ ശ്രദ്ധയില്‍ വന്നിരുന്നു. ലൈഫ് ജാക്കറ്റ് പോലുമില്ലാതെയായിരുന്നു അനധികൃത കുടിയേറ്റക്കാരെത്തിയതെന്നാണ് വിവരം.
ഇതാണ് അപകടത്തിന്‍റെ തോത് ഇത്ര വര്‍ധിപ്പിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള വേഷ വിതാനങ്ങളും അകടത്തില്‍പ്പെട്ട മിക്കവരിലും ഉണ്ടായിരുന്നില്ല. ആഭ്യന്തര സെക്രട്ടറി സുവേല്ല ബ്രേവര്‍മാന്‍ അപകടത്തേക്കുറിച്ച് അറിഞ്ഞതായി വിശദമാക്കിയിട്ടുണ്ട്.