ശബരിമല: ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരെ വട്ടം കറക്കി മൊബൈൽ കമ്പനികൾ. നെറ്റ് വർക്ക് സേവനത്തിൽ ഞൊടിയിട വേഗം വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ഉപഭോക്‌താക്കളും നെറ്റ് വർക്ക് സംവിധാനത്തിലെ തകരാറുകൾ മൂലം സന്നിധാനത്ത് വലയുകയാണ്. ബി.എസ്.എൻ.എൽ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട സേവനം നൽകുന്നത്.
ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളുടെ ഉപഭോക്താക്കളായ തീർഥാടകരും സന്നിധാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ജീവനക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കോൾ ചെയ്യുമ്പോൾ ബീപ് ശബ്ദം മാത്രമാണ് പലപ്പോഴും കേൾക്കാറുള്ളത്. ഇൻറർനെറ്റ് വേഗത കുറവായതിനാൽ വാട്സ്ആപ് കോളുകളും പലപ്പോഴും ലഭ്യമാകുന്നില്ല. കോളുകൾ അടിക്കടി കട്ടാവും.
അതിവേഗ ഇന്റർനെറ്റും തടസമില്ലാത്ത സേവനവും വാഗ്ദാനം ചെയ്യുന്ന മൊബൈൽ കമ്പനികൾ ലക്ഷോപലക്ഷം തീർഥാടകർ എത്തുന്ന ശബരിമലയിൽ വേണ്ടത്ര മുന്നൊരുക്കം നടത്താത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മുൻ വർഷങ്ങളിൽ തീർഥാടന കാലം ആരംഭിക്കും മുമ്പ് തന്നെ കമ്പനികളുടെ വിദഗ്ധർ എത്തി നെറ്റ് വർക് ശേഷി പരിശോധിച്ച് തടസമില്ലാത്ത സേവനം ഉറപ്പാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ സന്നിധാനത്തേക്ക് പ്രതിദിനം ലക്ഷത്തോളം അടുത്ത് തീർഥാടകർ എത്തുന്ന സാഹചര്യം ഉടലെടുത്തിട്ടും സേവനം മെച്ചപ്പെടുത്തുവാൻ കമ്പനികൾ തയാറായിട്ടില്ല.