ന്യൂഡൽഹി∙ ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ വിളിച്ച തന്ത്രപരമായ യോഗത്തിൽ പത്തോളം പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ ആം ആദ്മി പാർട്ടിയും (എഎപി) തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം വീണ്ടും പ്രകടമായി.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരും തൃണമൂൽ കോൺഗ്രസിന്റെ എംപിമാരും ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലോക്‌സഭയിൽ ചർച്ച അനുവദിച്ചിരുന്നുവെന്ന് കോൺഗ്രസ് വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർല അനുവദിച്ചില്ല. തുടർന്നാണ് ഇറങ്ങിപ്പോയത്.
ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിലും എഎപിയും തൃണമൂൽ കോൺഗ്രസും ഖർഗെ വിളിച്ച ‘സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ പങ്കെടുത്തിരുന്നു. സാധാരണയായി കോൺഗ്രസുമായി ഇരുപാർട്ടികളും സഹകരിക്കാറില്ല. ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഎം, ബിഹാറിലെ ആർജെഡി, ജെഡിയു, ഉത്തർപ്രദേശിലെ എസ്പി, ആർഎൽഡി, മഹാരാഷ്ട്രയിലെ എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് ഖർഗെ വിളിച്ച രണ്ടു യോഗങ്ങളിലും പങ്കെടുത്തത്.