തിരുവനന്തപുരം: പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെട്ടുത്തി പൊലീസ്. പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ച് വച്ചും ഇരയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും അടക്കം വെളിപ്പെടുത്തിയുമാണ് എഫ്ഐആർ പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം അയിരൂർ സ്റ്റേഷനിനാണ് ഗുരുതര വീഴ്ച സംഭവിച്ചത്.
പ്രായപൂർത്തിയാകാത്തവർ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയുന്ന മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് നിയമ വിരുദ്ധമാണ്. പോക്സോ നിയമത്തിന്റെ 23ആം വകുപ്പിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിചാരണ കോടതിയിൽ പോലും കുട്ടികളിൽ നിന്ന് രഹസ്യമൊഴിയാണ് സ്വീകരിക്കുന്നത്. എന്നാൽ പോക്സോ കേസിന്റെ അടിസ്ഥാന കാര്യം പോലും കാറ്റിൽ പറത്തിയിരിക്കുകയാണ് തിരുവനന്തപുരം അയിരൂർ പൊലീസ്. മദ്രസയിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇരയുടെ പേരും അമ്മയുടെ പേരും വിലാസവും കുട്ടി പഠിക്കുന്ന, പീഡിപ്പിക്കപ്പെട്ട സ്ഥലത്തിന്റെ വിലാസമടക്കമുള്ള എഫ്ഐആർ വെബ് സൈറ്റിലൂടെയും പൊലീസ് ആപ്പിലൂടെയും പുറത്തുവിട്ടു.
എന്നാൽ കേസിലെ ഇരയുടെ പേരും വിലാസവും കൃത്യമായി മറച്ചുവെക്കാന്‍ അയിരൂർ പൊലീസ് മറന്നില്ല. ഞായറാഴ്ച രാവിലെ 7 മണിക്ക് മതപഠനത്തിന് മദ്രസയിൽ എത്തിയപ്പോഴായിരുന്നു ഉസ്താദിന്റെ ക്രൂരത. സംഭവത്തിന് ശേഷം പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് സ്കൂളിലെ അധ്യാപകർ കാരണം തിരക്കിയപ്പോഴാണ് കുട്ടി സംഭവം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചു.
രക്ഷിതാക്കൾ വിവരം അറിയിച്ചതിന് പിന്നാലെ ഉസ്താദിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട മദ്രസ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുങ്ങിയപ്പോഴേക്കും പ്രതി ഒളിവിൽ പോയി. എഫ്ഐആർ പുറത്തുപോയത് ശ്രദ്ധയിൽ പെടുത്തിയതിന് പിന്നാലെ ഇന്റർനെറ്റിൽ നിന്നും സ്റ്റേഷൻ അധികൃതർ ഇടപെട്ട് നീക്കം ചെയ്തു.