ഷില്ലോംഗ്: മേഘാലയ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ളപ്പോൾ ബി ജെ പിയുടെ ചടുല നീക്കം. മേഘാലയയിലെ വിവിധ പാർട്ടികളിലുള്ള 4 എം എൽ എമാരാണ് ഇന്ന് ബി ജെ പിയിൽ ചേർന്നത്. നാഷണൽ പീപ്പിൾസ് പാർട്ടിയിൽ നിന്നുള്ള 2 പേരും, ഒരു തൃണമൂൽ കോൺഗ്രസ് അംഗവും, ഒരു സ്വതന്ത്ര എം എൽ എയുമാണ് ഇന്ന് ബി ജെ പിയിൽ ചേർന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് 4 പേർക്കും പാർട്ടി അംഗത്വം നൽകി. മേഘാലയ എം എൽ എമാരായ ഫെർലിൻ സാങ്മ, സാമുവൽ സാങ്മ, ബെനഡിക് മാരക്, എച്ച് എം ഷാങ്പ്ലിയാങ് എന്നിവരാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഇതിൽ ഫെർലിൻ സാങ്മയും ബെനഡിക് മാരക്കും ഭരണകക്ഷിയായ എൻ പി പിയിൽ നിന്നുള്ളവരാണ്, എച്ച് എം ഷാങ്‌പ്ലിയാങ് മമതയുടെ ടി എം സി പാർട്ടി നേതാവായിരുന്നു.
സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമാകാൻ തയ്യാറെടുക്കുന്ന മമതയുടെ ടി എം സിയെ സംബന്ധിച്ച് വലിയ നഷ്ടമാണ് സംഭവിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെത്തിയപ്പോളാണ് പാർട്ടി നേതാവ് ബി ജെ പിയിലെത്തിയത്. ഇത് മമതക്കും തൃണമൂലിനും വലിയ ക്ഷീണമായി. എന്നാൽ ഇന്നലെ ഷില്ലോങ്ങിൽ ടി എം സി പ്രവർത്തകരുടെ കൺവെൻഷനിൽ പ്രസംഗിച്ച മമതാ ബാനർജി ബി ജെ പിക്കെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മേഘാലയയെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിച്ചുവെന്നും മേഘാലയയിലെ ജനങ്ങളെ സഹായിക്കാൻ തൃണമൂൽ പാർട്ടി ഉണ്ടാകുമെന്നും മമത പറഞ്ഞിരുന്നു. സംസ്ഥാനം ഭരിക്കുന്നത് ‘മണ്ണിന്റെ മക്കൾ’ തന്നെയാണെന്ന് ഉറപ്പാക്കാൻ ബി ജെ പിക്കെതിരായ ശബ്ദം ഉയരണമെന്നും മമത മേഘാലയൻ ജനതയോട് ആവശ്യപ്പെട്ടിരുന്നു.