വിവാഹത്തിന് മുമ്പ് മുഖം ഭംഗിയാക്കാനും തിളക്കമുള്ളതാക്കാനുമെല്ലാം പല മാര്‍ഗങ്ങളും അവലംബിക്കുന്നവരുണ്ട്. അധികപേരും വിവാഹത്തിന് തൊട്ടുമുമ്പാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കാറ്.
എന്നാല്‍ വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇങ്ങനെ മുഖം മിനുക്കാനൊരുങ്ങുന്നത് സത്യത്തില്‍ അത്ര ബുദ്ധിപൂര്‍വമുള്ള തീരുമാനമല്ലെന്നാണ് സ്കിൻ എക്സ്പര്‍ട്ടുകള്‍ പറയുന്നത്.
ഇത് വേണ്ടവിധം ഫലം നല്‍കാതെ പോകാമെന്നും അതോടൊപ്പം തന്നെ ചിലരില്‍ നെഗറ്റീവ് ആയ ഫലം നല്‍കാമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വിവാഹത്തിന് വേണ്ടി ഒരുങ്ങാറുണ്ട്. ഇവര്‍ക്ക് വിവാഹത്തിന് വേണ്ടി ഒരുങ്ങുന്ന സമയത്ത് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ചെയ്യേണ്ട കാര്യങ്ങള്‍…
1) വിവാഹത്തിന് രണ്ട് മാസം മുമ്പ് മുതലെങ്കിലും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്കിൻ കെയര്‍ റുട്ടീനിലേക്ക് കടക്കണം. കാരണം, ഏതെങ്കിലും വിധത്തില്‍ ഇക്കാര്യത്തില്‍ പിഴവുകള്‍ പറ്റിയാലും അത് തിരുത്താനുള്ള സമയം ഇതില്‍ ലഭിക്കും. എന്ന് മാത്രമല്ല, നമ്മുടെ സ്കിൻ കെയര്‍ റുട്ടീൻ കൊണ്ട് നമുക്ക് ഫലം വന്നുകാണാൻ ഇത്രയും സമയമെങ്കിലും ആവശ്യമാണ്.
2) വിവാഹത്തിന് മുമ്പ് പ്രത്യേകമായി സ്കിൻ ചികിത്സകള്‍ എടുക്കുന്നുവെങ്കില്‍ അതിനായി നല്ല ക്ലിനിക്കുകളോ എക്സ്പര്‍ട്ടുകളെയോ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്കിൻ പോളിഷിംഗ്, ലേസര്‍ ഹെയര്‍ റിമൂവല്‍, പീലിംഗ് തുടങ്ങി പല സ്കിൻ ചികിത്സകളും ഈ രീതിയില്‍ ചെയ്യുന്നവരുണ്ട്.
3) ചര്‍മ്മം മനോഹരമായിരിക്കുന്നതിന് നാം നല്ലതുപോലെ വെള്ളം കുടിക്കണം. ഇക്കാര്യം ദിവസവും ശ്രദ്ധിക്കുക.
4) ഒരു പ്രൊഫഷണലിന്‍റെ സഹായത്തോടെ വൈറ്റമിൻസ്, സപ്ലിമെന്‍റ്സ് എന്നിവ എടുക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെയും മുടിയെയുമെല്ലാം മെച്ചപ്പെടുത്തും.
5) നാം എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം വരുമ്പോള്‍ പ്രധാനമാണ്. അതിനാല്‍ തന്നെ ആരോഗ്യകരമായതും ബാലൻസ്ഡ് ആയതുമായ ഡയറ്റ് പാലിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കുക. എണ്ണമയമുള്ള ഭക്ഷണം കുറയ്ക്കുന്നത് മുഖക്കുരു പോലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ സഹായിക്കും.
6) വധൂവരന്മാര്‍ക്ക് വിവാഹത്തിന് ഏത് തരത്തിലുള്ള ഹെയര്‍സ്റ്റൈല്‍ വേണം, എത്തരത്തില്‍ സ്വയം അവതരിപ്പിക്കണം എന്നതിനെല്ലാം ആവശ്യമെങ്കില്‍ ഗ്രൂമിംഗ് ചെയ്യാവുന്നതാണ്. ഇത് വിവാഹസമയത്തെ ഉത്കണ്ഠ വലിയ രീതിയില്‍ കുറയ്ക്കാൻ സഹായിക്കും.
ചെയ്യരുതാത്ത ചിലത്…
1) വിവാഹത്തിന് തൊട്ടുമുമ്പായി ഒരു സ്കിൻ ചികിത്സയും നടത്താതിരിക്കുക. ഫേഷ്യല്‍, കെമിക്കല്‍ പീലിംഗ്, മൈക്രോ നീഡ്ലിംഗ് ഇങ്ങനെയുള്ള ചികിത്സകളൊന്നും വിവാഹത്തിന് തൊട്ട് മുമ്പ് വേണ്ട.
2) മുഖം ഭംഗിയായിരിക്കാൻ വേണ്ടി എപ്പോഴും ഓരോന്ന് ചെയ്തുകൊണ്ടിരിക്കരുത്. പ്രത്യേകിച്ച് സ്കിൻ ഇടയ്ക്കിടെ സ്ക്രബ് ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍. ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം.
3) വിവാഹത്തിന് മുമ്പെ ഇതുമായി ബന്ധപ്പെട്ട് സ്ട്രെസ് അനുഭവിക്കുന്നത് സാധാരണമാണ്. ഈ സ്ട്രെസും ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ പരമാവധി സ്ട്രെസ് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുക. ഇത്തരത്തില്‍ മുഖത്ത് മുഖക്കുരു വരികയാണെങ്കില്‍ അത് പൊട്ടിച്ചുകളയാതെ, സ്വാഭാവികമായി തന്നെ മാറാൻ അനുവദിക്കുക.
4) ഉറക്കം നല്ലതുപോലെ ശ്രദ്ധിക്കണം. വൈകി ഉറങ്ങുന്ന ശീലം മാറ്റിവയ്ക്കണം. നേരത്തെ കിടന്ന് കഴിവതും നേരത്തെ ഉണര്‍ന്ന് ഉന്മേഷപൂര്‍വം ദിവസങ്ങള്‍ ചെലവിടുക.
5) മദ്യപിക്കുകയോ വലിക്കുകയോ ചെയ്യുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലങ്ങള്‍ക്കെല്ലാം അവധി കൊടുക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക.